Tuesday, November 28, 2017

എന്നുടെ പ്രിയ ജനനി!

'My most loved 'Amma' is no more. While musing over the reminiscences of the glorious past which we, her progeny spent with her, a few lines as  verses flowed down from my mind. I feel I am paying homage to my beloved 'Amma'. .


ഉദരത്തിൽ  കുഞ്ഞുങ്ങൾ  പിറക്കുമ്പോൾ  സ്ത്രീ  നെയ്യും
 പുതുസ്വപ്നദീപ്തിതൻ നൂലിഴകൾ .
അതിനൊരു  വ്യതിയാനം  കൂടാതെ  സ്വപ്നങ്ങൾ
എന്നുടെ ജനനിയും  നെയ്തിട്ടുണ്ടാം.

കുസൃതികൾ നെയ്യുന്ന  കുഞ്ഞിളം ്് കൈകളും
പിച്ചവെയ്ക്കാൻ വെമ്പും  പാദങ്ങളും
എന്നുടെ  മാതാവിൻ  ഹൃത്തിനെ  നിറയ്ക്കുന്ന
മധുരമാം അനുഭവമായിരുന്നു .

 ആഹാരം നല്കുവാൻ സമയത്തുറക്കുവാൻ
പിന്നിലായോടി   തളർന്നിരുന്നു.
വദനത്തിൽ പുഞ്ചിരി  തെല്ലുമേ മായാതെ  
മക്കൾക്കായ് മന്ത്രിച്ചു  പ്രാർത്ഥനകൾ.

മക്കൾ വളർച്ചതൻ  പടവുകൾ കയറുമ്പോൾ
എന്നമ്മ  ആനന്ദം  പൊഴിച്ചിരുന്നു .
സന്താനഭാവികളോർത്തുള്ള ആധികൾ           
നൊമ്പരം  ഉള്ളത്തിൽ നിറച്ചിട്ടുണ്ടാം.

ഉന്നതി, ഉല്ലാസം മക്കളിൽ ദർശിയ്ക്കാൻ
  മോഹിച്ചു എന്നുടെ മാതാവെന്നും. 
പുത്രർതന്നിംഗിതം  മാനിയ്ക്കാൻ മാതാ-
വു സ്വന്തം  വിഷയം  മറന്നിരുന്നു.

അച്ഛനു പ്രാമാണ്യം ഊനംവിനാ നൽകി
മക്കൾക്കും പ്രാധാന്യം തുല്യം തന്നെ.
മക്കൾതൻ കർമ്മത്തിൽ വിഷമം നിറയുമ്പോൾ
ശാസിയ്ക്കാനമാന്തം കാട്ടിയില്ല.
 
മക്കൾ മുതിർന്നു ചിറകും  വിരിച്ചങ്ങു
ദൂര ദിശനോക്കി പറന്നുപോയി.
അവരെല്ലാം വരുകിൽ നല്ലോണം കാണാൻ 
വരാന്ത ഓരത്തു  കാത്തിരുന്നു.

ദൂരങ്ങൾ താണ്ടി  മക്കളണയുമ്പോൾ
തിളങ്ങുന്നു മാതാവിൻ  ചിത്തമെന്നും.
അവരുടെ  മോഹങ്ങൾ  നിറവേറ്റാനായി
നല്ലോണം ശുഷ്ക്കാന്തി  കാട്ടി  മാതാ.

വാർദ്ധക്യം  വലനെയ്തു  അമ്മയ്ക്കു ചുറ്റും 
ഒരുനാളതിലമ്മ  വീണു  പോയി.
കരങ്ങൾ ചലിയ്ക്കാതെ കുരുങ്ങി കുഴലിൽ   
 കിടക്കയിൽ  ശയനം, ദൃശ്യം കഷ്ടം.

സൂചികൾ  കയറുന്നു  രുധിരമൊഴുകുന്നു
 സീമയ്ക്കതീതമായ് വേദനയും.
മാതാവിൻരോദനം  ഉച്ചത്തിൽ  കേൾക്കാം
 മക്കളുരുകി  നിലകൊള്ളുന്നു.

 ജനയിത്രിയതാ  വല്ലായ്മ കാട്ടി
അന്ത്യശ്വാസം വന്നു, വിടയുംചൊല്ലി.
അമ്മതൻ  സ്മരണകൾ ഒന്നായണിചേർന്ന്
 കവിളത്തു കണ്ണീരാൽ  ചാലുതീർത്തു.

വാർദ്ധക്യമാണേലും  മാതാവിൻ  വേർപാട്‌ 
താങ്ങുവാൻ  മക്കൾക്കു ശക്തിയില്ല.
എന്നുടെ  പൊന്നമ്മ  വിളങ്ങട്ടെയംബരേ
തിളങ്ങുന്ന  താരമായ് എക്കാലവും.